കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. പരാതിക്കാരിയായ നടിയെ എത്തിച്ച് നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം. പരിശോധന നടത്താനായി ഫ്ലാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. പരാതിയില്‍ ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്തിനെതിരെ അപ്പീൽ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.
ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ നടി പരാതി നൽകിയിരുന്നു. 3 നടന്മാരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. ഇതിൽ ഒന്ന് ഇടവേള ബാബുവിനെതിരേയായിരുന്നു. പ്രത്യേകാന്വേഷണ സംഘം മൊഴി ഏഴ് കവറുകളിലാക്കി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. തുടർന്ന് എറണാകുളം നോർത്ത് പോലീസ് ഇടവേള ബാബുവിനെതിരേ കേസെടുക്കുകയായിരുന്നു.

