Wednesday, December 17, 2025

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം!!പ്രതി സവാദ് 14 ദിവസത്തെ റിമാൻഡിൽ

തൃശ്ശൂർ : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിനെ (29) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശ്ശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജൂണ്‍ 14-ാം തീയതി മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. യുവതി കണ്ടക്ടറോട് പരാതിപ്പെട്ടതോടെ തൃശ്ശൂർ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലാവുകയായിരുന്നു. തൃശ്ശൂരില്‍ ഉണ്ടായ സംഭവത്തില്‍ അന്നുതന്നെ യുവതി ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2023-ല്‍ കെഎസ്ആര്‍ടിസി ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലും പ്രതിയാണ് സവാദ്. നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി. അന്ന് ജാമ്യത്തിലിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന മാലയിട്ട് സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

Related Articles

Latest Articles