തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ നേതാക്കളിൽ നിന്ന് മർദ്ദനമേറ്റതായി പരാതി. മർദ്ദനമേറ്റ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ ചെവിയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.
അടുത്തിടെ എസ്എഫ്‌ഐക്കാർ ക്രൂരമായി മർദ്ദിച്ച ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ സുഹൃത്തിനാണ് ഇപ്പോൾ മർദ്ദനമേറ്റത്. സുഹൃത്തിനെ മർദ്ദച്ചിച്ച സംഭവത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ ലക്ഷദ്വീപ് സ്വദേശിയായ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി രംഗത്ത് എത്തിയിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമായിരുന്നു ആക്രമണം എന്നാണ് പരാതിയിൽ പറയുന്നത്.
യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. പാളയത്തെ ഹോസ്റ്റൽമുറിയിൽവച്ച് ക്രൂരമായി വിചാരണയും ഇവർ നടത്തി. മർദ്ദനത്തിന് പുറമേ പഠിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കി. ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായും വിദ്യാർത്ഥി പറയുന്നു. ഇത് കേരളമാണ് ലക്ഷദ്വീപ് അല്ല. യൂണിവേഴ്‌സിറ്റി കോളേജിന് വേറെ നിയമം ആണ് ഉള്ളത്. അതിനെതിരെ നിൽക്കരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം എന്നും വിദ്യാർത്ഥി പറയുന്നു.

