Sunday, December 14, 2025

സമ്മേളനകാലത്ത് എസ് എഫ് ഐ ഒ റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നാൽ പിണറായി വിജയനെതിരെ പാർട്ടിയിൽ പടനീക്കം ഉറപ്പ്; അഴിമതി പകൽപോലെ വ്യക്തമായെന്ന് പ്രതിപക്ഷം; സിപിഎമ്മിനെ വിടാതെ പിടികൂടി മാസപ്പടിക്കേസ്

തിരുവനന്തപുരം: ദില്ലി ഹൈക്കോടതിയിൽ ഇന്നലെ എസ് എഫ് ഐ ഒ നടത്തിയ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രി പിണറായിവിജയന് കുരുക്കാകുന്നു. കൈക്കൂലിയും അതിൽ മുഖ്യമന്ത്രിക്കുള്ള പങ്കും കേന്ദ്ര അന്വേഷണ ഏജൻസിയായ എസ് എഫ് ഐ ഒ കണ്ടെത്തി എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് എസ് എഫ് ഐ ഒ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ പിണറായിവിജയൻ കൂടുതൽ പ്രതിരോധത്തിലാകും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളിൽ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും പാർട്ടിക്ക് വല്ലാതെ പ്രതിരോധിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഉണ്ടാകുന്നു. പാർട്ടിയാകട്ടെ മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്ക് കിട്ടാത്ത സംരക്ഷണം പിണറായിയുടെ കുടുംബത്തിന് നൽകുകയും ചെയ്‌യുന്നുണ്ട്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശബ്ദം ഉയർന്നേക്കാം.

തങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് എസ് എഫ് ഐ ഒ അന്വേഷണ റിപ്പോർട്ടെന്ന് പ്രതിപക്ഷം നിലപാടെടുത്തുകഴിഞ്ഞു. ഈ അഴിമതി അംഗീകരിക്കാത്തവർ പിണറായി വിജയനും കുടുംബവും മാത്രമാണെന്നും. ജനങ്ങൾക്ക് വ്യക്തമായി അറിയാവുന്ന കാര്യങ്ങളിൽ ഇനിയും ന്യായീകരണം കണ്ടെത്താൻ ശ്രമിക്കാതെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പറഞ്ഞു. ശക്തമായ തെളിവുകൾ പുറത്തുവന്നു കഴിഞ്ഞെന്നും ഇത് വിരൽചൂണ്ടുന്നത് പിണറായി വിജയനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

മാസപ്പടിക്കേസിൽ ഉയർന്ന ആരോപണങ്ങൾക്ക് പാർട്ടിയോ സർക്കാരോ ഇതുവരെ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാ ലോജിക്കും സി എം ആർ എല്ലും തമ്മിൽ നടന്ന സ്വാഭാവിക പണമിടപാട് മാത്രമാണിതെന്നാണ് പാർട്ടി പറയുന്നത്. എന്നാൽ എക്‌സാ ലോജിക് ഈ പണത്തിന് നൽകിയ സേവനമെന്ത് എന്ന് പറയാൻ സർക്കാരിനോ പാർട്ടിക്കോ സാധിച്ചിട്ടില്ല. 184 കോടി രൂപയുടെ ഇടപാടുകളാണ് ഇരു കമ്പനികളും തമ്മിൽ നടന്നതെന്ന് എസ എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് എക്‌സാലോജിക്കുമായുള്ള അടുത്ത ബന്ധമുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് ;ലഭിച്ച കോഴയാണ് എന്നാണ് ഇന്നലെ എസ് എഫ് ഐ ഒ ദില്ലി ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്നവർക്കും സി എം ആർ എൽ കോഴ നൽകിയെന്നാണ് കോടതിയിൽ അന്വേഷണ ഏജൻസി വെളിപ്പെടുത്തിയത്.

Related Articles

Latest Articles