സന്നിധാനം: ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു. ഇന്നലെ ദർശനം നടത്തിയത് 73977 ഭക്തരെന്ന് തിരുവിതാംകൂർ ദേവസ്വം അറിയിച്ചു. 70000 പേർക്കാണ് നിലവിൽ പ്രതിദിനം അഡ്വാൻസ് വിർച്യുൽ ക്യു ബുക്കിങ് അനുവദിക്കുന്നത്. ഓരോ മിനിട്ടിലും 60 മുതൽ 70 വരെ തീർത്ഥാടകർ പതിനെട്ടാം പടി കയറുന്നുണ്ട്. വൃശ്ചികം 12 ആകുന്നതോടെ ഭക്തജനത്തിരക്ക് ഇനിയും വർധിക്കുമെന്ന് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നുണ്ട്. ഈ തീർത്ഥാടനകാലത്ത് ഇന്നുവരെ ദർശനം സുഗമമാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം തുടക്കം മുതലേ ഒരുക്കങ്ങൾ പാളിയിരുന്നു. ഭക്തജനങ്ങൾക്ക് മണിക്കൂറുകളോളം ക്യു നിൽക്കേണ്ടി വന്നിരുന്നു. വിർച്യുൽ ക്യു ബുക്ക് ചെയ്‌ത് എത്താനാകാത്ത ഭക്തന്മാർ അത് കൃത്യമായി ക്യാൻസൽ ചെയ്‌ത് മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം കണ്ണൂരിൽ ചെറുതാഴത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. 23 തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികത്തുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് കർണ്ണാടകയിലേക്ക് മടങ്ങുകയായിരുന്ന ഭക്തരുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

