അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇയർഫോൺ വെക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇയർഫോൺ ശരിയായ രീതിയിൽ വെക്കാൻ കഴിയാതെ ഷെരീഫ് ബുദ്ധിമുട്ടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) ഭാഗമായുള്ള ചർച്ചയിലാണ് സംഭവം. ചർച്ചക്കായി പുടിനൊപ്പം ഇരുന്ന ഷഹബാസ് ഷെരീഫ്, ഇയർഫോൺ ചെവിയിൽ വെക്കാൻ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. ഇത് കണ്ട പുട്ടിൻ എങ്ങനെയാണ് ഇയർഫോൺ ഉപയോഗിക്കേണ്ടതെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. ഷെരീഫിന്റെ ബുദ്ധിമുട്ടുകൾ കണ്ട് പുട്ടിൻ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ, പുടിൻ തന്റെ ഇയർഫോൺ എടുത്ത് എങ്ങനെ വെക്കണമെന്ന് കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ സംഭവം ഷഹബാസ് ഷെരീഫിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.
ഇതാദ്യമായല്ല ഷഹബാസ് ഷെരീഫിന് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. 2020-ൽ ഉസ്ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഒരു ഉച്ചകോടിയിൽ പുടിനുമായുള്ള ചർച്ചക്കിടെയും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഷെഹ്ബാസ് ഷെരീഫിന്റെ ഇയർഫോൺ ഊരിപ്പോവുകയും, ഉദ്യോഗസ്ഥർ സഹായിക്കാൻ ശ്രമിച്ചിട്ടും ഇയർഫോൺ പലതവണ താഴെ വീഴുകയും ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാനിലെ രാഷ്ട്രീയ എതിരാളികളിൽ നിന്ന് ഷഹബാസ് ഷെരീഫിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. അന്താരാഷ്ട്ര തലത്തിൽ ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പ്രധാനമന്ത്രിയുടെ ഈ അശ്രദ്ധ പാകിസ്ഥാനെ സംബന്ധിച്ച് ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

