Saturday, December 13, 2025

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം; രാഹുൽ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും ക്ഷണമില്ല !

ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാല ബന്ധമാണ് അദ്ദേഹത്തെ ക്ഷണിക്കാൻ കാരണമെന്നാണ് വിവരം. അതേസമയം ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം ലഭിച്ചിട്ടില്ല.

തനിക്ക് ക്ഷണം ലഭിച്ചതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ പ്രതികരിച്ചു. ‘പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് എനിക്കറിയില്ല, ക്ഷണം നല്‍കിയതിന്റെ അടിസ്ഥാനമെന്താണെന്നും എനിക്കറിയില്ല’ തരൂര്‍ പറഞ്ഞു. തനിക്ക് ക്ഷണം ലഭിച്ചതില്‍ ‘സന്തോഷമുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകുന്നേരമാണ് രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്റിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഔദ്യോഗിക വിരുന്ന് നടത്തുന്നത്. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ഭവനില്‍ ചടങ്ങളോടെ അത്താഴവിരുന്ന് നല്‍കി ആദരിക്കുന്നത് ദീര്‍ഘാകാല പാരമ്പര്യമാണ്.

Related Articles

Latest Articles