ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേഷൻ കമ്മീഷൻ (ജിഇആർസി) സെക്രട്ടറി രഞ്ജിത് കുമാർ ജെയുടെ ഭാര്യ സൂര്യയെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് എതിർവശത്തുള്ള ഒരു പൂന്തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം സൂര്യ ഗുണ്ടാ നേതാവായ കാമുകനൊപ്പം ഇറങ്ങി പോയിരുന്നു.
പിന്നാലെ മധുരയിൽ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിലും ഇവർ പ്രതിയായി. തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ അറസ്റ്റ് ഒഴിവാക്കാൻ സൂര്യ ഐഎഎസുകാരനായ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട ഭാര്യയെ വീട്ടിനുള്ളിൽ രഞ്ജിത് കുമാർ പ്രവേശിപ്പിച്ചില്ല.
ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് എന്ന പേരിൽ തമിഴിൽ എഴുതിയ ഒരു കത്ത് സൂര്യ ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. തന്നെ രണ്ട് കേസുകളിൽ “കള്ള പ്രതിയാക്കി” എന്നാണ് കത്തിൽ പറയുന്നത്.
‘രാജ’ എന്ന വ്യക്തി തന്നെ കുടുക്കിയെന്നും രണ്ട് ക്രിമിനൽ കേസുകളിൽ താൻ ഉൾപ്പെട്ടെന്നും സൂര്യ കത്തിൽ പറയുന്നു. ഒരു സ്ത്രീയിൽ നിന്ന് വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കേസ്, തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ
ഇവർ എത്തുമ്പോൾ വിഷം കൊണ്ടുവന്നിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഭർത്താവ് ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാൽ മൃതദേഹം ഗാന്ധിനഗറിലെ ഒരു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, 2023ൽ ഇരുവരും വേർപിരിഞ്ഞെന്നും വിവാഹമോചനത്തിൻ്റെ ഘട്ടത്തിലാണെന്നും രഞ്ജിത് കുമാറിൻ്റെ അഭിഭാഷകൻ ഹിതേഷ് ഗുപ്ത പറഞ്ഞു.

