ദില്ലി : സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിലെത്തി. ഇന്ന് വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ബംഗ്ലാദേശ് വ്യോമസേനയുടെ സേനയുടെ വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. ഉടന്‍ തന്നെ ഹസീന ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ സി 130 ജെ ഹെര്‍ക്കുലീസ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലാണ് ഹസീന എത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിലെ കലാപത്തിന്റെ സാഹചര്യത്തിൽ അങ്ങോട്ടുള്ള ട്രെയിന്‍ സര്‍വീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി. സ്വാതന്ത്ര്യ സമര സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷിതമായ രാജി. പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് സൈനിക ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെപ്പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളിൽ സംഘർഷമുണ്ടായി. ധാക്കയിലെ മെഡിക്കൽ കോളേജും ആക്രമണത്തിനിരയായി. അവാമിലീഗ് പാർട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകർത്തു. പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ മാദ്ധ്യമങ്ങളുടെ പ്രവർത്തനവും രാജ്യത്ത് നിർത്തി. മൊബൈൽ ഇന്റർനെറ്റ് സേവനവും നിരോധിച്ചു.
അതേസമയം രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി വ്യക്തമാക്കിയതായി ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടക്കാല സര്‍ക്കാരിനെ നയിക്കുക കരസേനാ മേധാവി ആയിരിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

