Wednesday, December 17, 2025

ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന ; ഗുരുതരാരോപണം രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിൽ

ബംഗ്ലാദേശിൽ അരങ്ങേറുന്ന കലാപത്തിന് പിന്നിൽ അമേരിക്കയെന്ന ആരോപണവുമായി രാജി വച്ച് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് നൽകുകയും ബംഗാൾ ഉൾക്കടലിൽ സ്വാധീനമുറപ്പിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ തനിക്ക് പദവിയിൽ തുടരാൻ സാധിക്കുമായിരുന്നുവെന്നും ഹസീന പറഞ്ഞു. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്.

“ബംഗ്ലാദേശിൽ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചതിന്‍റെ ഉത്തരവാദി അമേരിക്കയാണ്. ബംഗാൾ ഉൾക്കടലിൻ്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറാത്തതിനാലാണ് തനിക്ക് അധികാരത്തിൽ നിന്ന് പുറത്താകേണ്ടി വന്നത്. രാജ്യത്ത് ശവക്കൂമ്പാരം കാണാതിരിക്കാനാണ് രാജിവെച്ചത്”- ഹസീനയുടെ പ്രസംഗത്തിൽ പറയുന്നു.

അതേസമയം, ഷെയ്ക് ഹസീന എത്ര ദിവസം ഇന്ത്യയിൽ തങ്ങുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു.

Related Articles

Latest Articles