ഗ്രാമ്പിയിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽനിന്ന് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. ഇരുവരും നിലവിൽ കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ദൗത്യസംഘത്തിന്റെ മുൻനിരയിലാണ് മനുവുണ്ടായിരുന്നത്.
ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു. ഡോക്ടര്‍ അനുരാജിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടിയത്. കടുവയ്ക്ക് ആദ്യം മയക്കുവെടിയേറ്റെങ്കിലും കടുവ മയങ്ങാന്‍ സമയം വേണ്ടിവന്നു. രണ്ടാമത് മയക്കുവെടി വെച്ച സമയത്ത് കടുവ ദൗത്യസംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനുവിന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ചെയ്തു. അതുപോലെ ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്.
“തേയിലത്തോട്ടത്തിന് നടുവിലായിരുന്നതിനാൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാഹചര്യമില്ലായിരുന്നു. തന്റെ പിന്നിലായി ആരോമലും ഡോക്ടറും നിൽക്കുന്നതിനാൽ ഒഴിഞ്ഞുമാറിയാലും അവരിൽ ആർക്കെങ്കിലും ആക്രമണമേൽക്കും. ജീവനുതന്നെ ഭീഷണിയുണ്ടാകും എന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ട് കടുവയെ തടുക്കുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. കടുവയിൽനിന്ന് രക്ഷപ്പെടാൻ ഷീൽഡ്കൊണ്ടാണ് തടഞ്ഞത്. കടുവയുടെ അടികൊണ്ട് ഷീൽഡ് പൊട്ടി. പിന്നെ എന്നേക്കാളും ഉയരത്തിൽ പൊങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. അടികൊണ്ട് ഹെൽമറ്റ് തെറിച്ചുപോയപ്പോൾ ശരിക്കും പേടിയായി. പിന്നൊന്നും ഓർമയില്ല. കുറച്ചുനേരം കഴിഞ്ഞാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും കടുവയെ കൊണ്ടുപോയിരുന്നു. ഹെൽമറ്റ് ഉള്ളതുകൊണ്ടാണ് വലിയ പ്രശ്നമുണ്ടാകാതിരുന്നത്. കടുവ ദേഹത്തുകയറിയെങ്കിലും ഷീൽഡ് ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ശരീരത്തിന് വേദനയും ക്ഷീണവുമുണ്ട്.” – മനു പറയുന്നു.
അതേസമയം നാളെയായിരിക്കും കടുവയുടെ പോസ്റ്റ്‌മോർട്ടം .

