ലഹരി ഉപയോഗിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് നടനെ പോലീസ് വിട്ടയച്ചത്. അച്ഛന്റെയും അമ്മയുടെയും ജാമ്യത്തിലാണ്നടനെ പോലീസ് വിട്ടയത്. മാതാപിതാക്കളാണ് നടന് ജാമ്യക്കാരായതെങ്കിലും സഹോദരനും സുഹൃത്തുക്കളും അഭിഭാഷകരും സ്‌റ്റേഷനിലെത്തിയിരുന്നു. സുഹൃത്തുക്കൾക്കും അഭിഭാഷകർക്കും ഒപ്പമാണ് നടൻ മടങ്ങിയത്.
നടന്റെ മൊഴികളിൽ തുടരന്വേഷണം നടത്തേണ്ടതിനാൽ ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിങ്കളാഴ്ച തന്നെ ഹാജരാകാമെന്ന് നടൻ അറിയിച്ചു. അതിനാൽ, തിങ്കളാഴ്ച നടനെ വീണ്ടും ചോദ്യംചെയ്തേക്കും.
കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെ മുറിയില്‍നിന്ന് ഇറങ്ങി ഓടിയതോടെയാണ്ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ അന്വേഷണമുണ്ടായത്. തമിഴ്‌നാട്ടിലേക്ക് കടന്ന ഷൈന്‍ ടോം ചാക്കോയോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതനുസരിച്ച് ചോദ്യംചെയ്യലിന് ഹാജരായ ഷൈന്‍ ടോം ചാക്കോയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ഡിപിഎസ് ആക്ടിലെ 27,29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം കണ്ടെത്താനായി നടൻ്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകളെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഇവയുടെ ഫലം നിർണ്ണായകമാകും

