തൃശ്ശൂര്‍: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ പോലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത് പ്രകാരം ഷൈന്‍ ടോം ചാക്കോ നാളെ വൈകുന്നേരം മൂന്നുമണിക്ക് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാവുമെന്ന് പിതാവ് സി.പി. ചാക്കോ. ഷൈനിനെ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ തൃശ്ശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിയാണ് പോലീസ് സംഘം കുടുംബത്തിന് നോട്ടീസ് കൈമാറിയത്. പിതാവ് സി പി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.
‘സര്‍ക്കാര്‍ നോട്ടീസ് അയച്ചാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഷൈന്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ ഹാജരാകും. സ്വകാര്യഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതിനെക്കുറിച്ചുള്ള നോട്ടീസാണ് തന്നിട്ടുള്ളത്. ഷൈന്‍ വീട്ടില്‍ ഇല്ല. അവര്‍ ആദ്യം ഒരു സമയം പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. അവിടേക്ക് ആള്‍ക്ക് ഓടി എത്തേണ്ടേ, അഭിഭാഷകരൊന്നുമില്ല. അവന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ഒപ്പമുണ്ടാവും. നിയമോപദേശം തേടിയിട്ടില്ല. കേസ് ആയിട്ടില്ല. കേസായി വരുമ്പോള്‍ ആലോചിക്കാം. പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്. കേസ് എപ്പോഴാണ് ആവുന്നത് എന്ന് നമുക്കറിയാം. അത് ആവുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ കുറേ ഓലപ്പാമ്പുകളല്ലേ. അത് കഴിഞ്ഞ് കേസ് ആവുമ്പോള്‍ വക്കീലിനെ ബന്ധപ്പെടാം. കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക’- സി പി ചാക്കോ പറഞ്ഞു

