അങ്കോല : കർണ്ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴയും പുഴയിലെ അടിയൊഴുക്കും. പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിക്കുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം. കനത്ത മഴയെ കൂടാതെ ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്.
അർജുന്റെ വാഹനമുള്ള സ്ഥലത്തെത്താൻ ചെളി നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്. തെരച്ചിൽ പദ്ധതിയും തുടർ നടപടികളും ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഉടൻ ചേരും. അതേസമയം, ഒഴുക്ക് കുറഞ്ഞാൽ ഉടൻ നാവികസേനയുടെ മുങ്ങൽവിദഗ്ധർ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള പറഞ്ഞു. അപകട സ്ഥലത്തേക്ക് എല്ലാ സജ്ജീകരണങ്ങളോടെയാണ് ഡൈവർമാർ തിരിച്ചിരിക്കുന്നത്. എമർജൻസ് റെസ്‌പോൺസ് സംഘം കർവാർ നേവൽ ബേസിലുണ്ട്. സാഹചര്യം അനുകൂലമാകുമെങ്കിൽ ഡൈവർമാർ ദൗത്യം ആരംഭിക്കുമെന്ന് അതുൽ പിള്ള പറഞ്ഞു. പുഴയിലെ കുത്തൊഴുക്ക് മാത്രമാണ് ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കുന്നത്. സോണാർ സിഗ്നൽ ലഭിച്ച കേന്ദ്രത്തിൽ ലോറി ഉണ്ടെന്ന് ഉറപ്പിക്കാനാണ് ഡൈവർമാർ പരിശോധന നടത്തുന്നതെന്നും അതുൽ പിള്ള കൂട്ടിച്ചേർത്തു.

