അമേരിക്കയിലെ ഡാളസിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ വെടിവയ്പ്പിൽ ഇന്ത്യന്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍(27)ആണ് ഇന്നലെ രാത്രി ഒരു ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ അക്രമി നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
ഹൈദരാബാദില്‍ ദന്ത ശസ്ത്രക്രിയയില്‍ ബിരുദം പൂര്‍ത്തിയാക്കിയ പോള്‍ 2023 ല്‍ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ആറ് മാസം മുമ്പ് അമേരിക്കയിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ചന്ദ്രശേഖര്‍ പെട്രോള്‍ സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. മകന്റെ മൃതദേഹം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം സര്‍ക്കാരിന്റെ സഹായം തേടി.
ബിആര്‍എസ് എംഎല്‍എ സുധീര്‍ റെഡ്ഡിയും മുന്‍ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതൊരു ‘ദുരന്തകരമായ സംഭവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പോളിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

