തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ ഒരു ദിവസത്തിനിപ്പുറവും പ്രതിയെ കണ്ടെത്താനാകാതെ കുഴഞ്ഞ് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അക്രമിയായ സ്ത്രീ എത്തിയ സിൽവർ നിറത്തിലുള്ള സെലേറിയോ കാര്‍ കേന്ദ്രീകരിച്ചുമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കാറിൽ ഘടിപ്പിച്ചിച്ചിരുന്ന നമ്പർ വ്യാജമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അക്രമി എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലകള്‍ കേന്ദ്രീകരിച്ചും തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ആര്‍ക്കും തന്നോട് വ്യക്തിവൈരാഗ്യമില്ലെന്നും തനിക്ക് ശത്രുക്കളില്ലെന്നുമാണ് ഷിനി പോലീസിന് നല്‍കിയ മൊഴി. ഷിനിയുടെ ഭര്‍ത്താവ് മാലദ്വീപിലാണ് ജോലിചെയ്യുന്നത്. നാട്ടിലെത്തിയാല്‍ ഇദ്ദേഹത്തില്‍നിന്നും പോലീസ് മൊഴിയെടുക്കും.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം ചെമ്പകശ്ശേരി പങ്കജില്‍ ഷിനി(40)ക്ക് വെടിയേറ്റത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേനയെത്തിയ സ്ത്രീ ഷിനിയ്ക്ക് നേരേ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. പിന്നാലെ രണ്ട് തവണ കൂടി അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് മുഖംമറച്ചെത്തിയ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. കൃത്യത്തിന് ശേഷം ഈഞ്ചയ്ക്കല്‍ വഴി ബൈപ്പാസിലെത്തി അവിടെനിന്ന് കഴക്കൂട്ടം ഭാഗത്തേക്കാണ് കാര്‍ പോയതെന്നും വ്യക്തമായി. ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണ് ഈ കാര്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്.

