ദില്ലി : റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ അതിരൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. റോഹിങ്ക്യകള്‍ രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയും ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. ഇന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കാണാതാകുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
‘അവര്‍ക്ക് ഞങ്ങള്‍ ചുവന്ന പരവതാനി വിരിക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം? അവര്‍ തുരങ്കങ്ങളിലൂടെ നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നു. എന്നിട്ട് ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുകയാണ്. നമ്മുടെ പാവപ്പെട്ട കുട്ടികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലേ? നമ്മള്‍ നിയമം ഇത്രയധികം വലിച്ചുനീട്ടേണ്ടതുണ്ടോ?
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ നമുക്ക് വളരെ സെന്‍സിറ്റീവായ ഒരു അതിര്‍ത്തിയുണ്ട്. ഒരു നുഴഞ്ഞുകയറ്റക്കാരന്‍ നിയമവിരുദ്ധമായി പ്രവേശിച്ചാല്‍, അവരെ ഇവിടെ നിര്‍ത്താന്‍ നമുക്ക് ബാധ്യതയുണ്ടോ? ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹര്‍ജിയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്തു. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ നിയമപരമായി അധികാരമില്ലാത്ത ഒരാളാണ് ഹര്‍ജി നല്‍കിയതെന്ന് അദ്ദേഹം വാദിച്ചു. ‘റോഹിങ്ക്യകളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്കാരനാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്.’ ഹര്‍ജി പരിഗണിക്കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കക്ഷികളെ ഹ്രസ്വമായി കേട്ട ശേഷം, ഡിസംബർ 16-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു

