Wednesday, December 24, 2025

സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പിന്നിട്ടു !കർണാടക കോൺഗ്രസിൽ വീണ്ടും തലപൊക്കി ആഭ്യന്തര കലഹം; അധികാര പങ്കിടൽ ധാരണ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഹൈക്കമാൻഡിനെ കാണും

ബെംഗളൂരു : സംസ്ഥാനത്ത് അധികാര പങ്കിടൽ ധാരണ നടപ്പാക്കാൻ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കി കർണാടക എംഎൽഎമാർ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുന്ന പത്ത് കോൺഗ്രസ് എംഎൽഎമാരാണ് തലസ്ഥാനത്തെത്തിയത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിൻ്റെ പകുതി പിന്നിടുമ്പോൾ, അധികാരം പങ്കിടൽ കരാർ പാലിക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം.

ഇവർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് തങ്ങളുടെ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കുമെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നാളെ രാവിലത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്.

2023 മേയ് 20ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം നടന്നിരുന്നു. ഒടുവിൽ, ശിവകുമാറിനെ പിന്തിരിപ്പിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് പ്രേരിപ്പിക്കുകയായിരുന്നു. അക്കാലത്ത്, രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുന്ന ഊഴമനുസരിച്ചുള്ള മുഖ്യമന്ത്രി ഫോർമുല ഉൾപ്പെടുന്ന ഒരു ഒത്തുതീർപ്പിന് ഇരു നേതാക്കളും സമ്മതിച്ചതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നിരുന്നാലും, കോൺഗ്രസ് ഈ ക്രമീകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ, താൻ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന് അഞ്ച് വർഷത്തെ ഭരണാനുമതിയാണ് ലഭിച്ചതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. പൂർണകാലാവധി തുടരുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ അനാവശ്യമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Related Articles

Latest Articles