ബെംഗളൂരു: മുഡ ഭൂമി അഴിമതിയിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പകരക്കാരനെ തേടി കോൺഗ്രസ്. ഒരു സമവായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. സിദ്ധരാമയ്യ രാജിവെക്കുമ്പോൾ പകരം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആ പദവിയിലെത്തും എന്നായിരുന്നു ഇതേവരെയുള്ള കണക്കുകൂട്ടൽ. എന്നാൽ സിദ്ധരാമയ്യയുടെ അഭിപ്രായം കൂടി പരിഗണിച്ചേ തീരുമാനം എടുക്കൂ എന്നാണ് ഇപ്പോഴത്തെ അവസ്ഥ.
സിദ്ധരാമയ്യയാകട്ടെ പിന്നോക്ക സമുദായ കാർഡിറക്കി ശിവകുമാറിനെ വെട്ടാൻ പതിനെട്ടടവും പയറ്റുകയാണ്. പിന്നോക്ക സമുദായങ്ങളെ ഏകീകരിക്കാൻ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവിനെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നുള്ള സന്ദേശം അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചു കഴിഞ്ഞു. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വരെയുള്ളവർ ലിസ്റ്റിൽ ഉണ്ട്. എന്നാൽ സിദ്ധരാമയ്യക്ക് പിന്നാലെ ഖാർഗെയും ഭൂമി അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്.
അതേസമയം എസ്ടി വിഭാഗത്തിൽ നിന്നുള്ള 15 നിയമസഭാംഗങ്ങൾ ഉൾപ്പെടെ 30-ലധികം എംഎൽഎമാരുടെ പിന്തുണ ജാർക്കിഹോളിക്കുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് എം.എൽ.എമാരും ഒരു എം.എൽ.സിയും എം.പിയുമുള്ള ജാർക്കിഹോളി കുടുംബവുമായി അടുത്ത ബന്ധമാണ് സിദ്ധരാമയ്യക്കുള്ളത്. മറ്റൊരു ദളിത് നേതാവായ ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയുമായി കോൺഗ്രസ് കേന്ദ്ര നേതാക്കൾ ദിവസങ്ങൾക്ക് മുമ്പ് ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ രാജിവെക്കുമ്പോൾ പകരക്കാരായി ഡി കെ ശിവകുമാർ വരും എന്ന ലഘു ഗണിതം ഇനി കർണാടകത്തിൽ വിലപ്പോകില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

