ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ യാത്രക്കാരനാണ് മരിച്ചത് എന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 30-ഓളം പേര്‍ക്ക് പരിക്കേറ്റു.
സിംഗപ്പൂർ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300 ഇആര്‍ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. 211-യാത്രക്കാരും 18 ജീവനക്കാരും ഉൾപ്പെടെ 229 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്‌ക്യു 321 എന്ന വിമാനം വഴിമധ്യേ ആകാശചുഴിയിൽ പെടുകയായിരുന്നു എന്ന് സിംഗപ്പൂർ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് (പ്രാദേശിക സമയം) ലാൻഡ് ചെയ്തു.
വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മെഡിക്കല്‍ സഹായത്തിനായി തായ്‌ലന്‍ഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനക്കമ്പനി അറിയിച്ചു.

