Saturday, December 20, 2025

ഒക്‌ടോബർ 7 ലെ ഹമാസ് കൂട്ടക്കുരുതിക്ക് തൊട്ടുമുൻപ് തുരങ്കത്തിലൂടെ രക്ഷപ്പെട്ട് സിൻവർ; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന

ജറുസലം : കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വർ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികൾ അതിർത്തി തകർത്ത് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുൻപ് തുരങ്കത്തിലൂടെ രക്ഷപ്പെടുന്ന വിഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. സിന്‍വറും ഭാര്യയും രണ്ടു മക്കളും തുരങ്കത്തിലൂടെ നടന്നു പോകുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹിയ സിന്‍വര്‍ കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചിരുന്നത്. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഇത്തരം സൗകര്യങ്ങളൊന്നും ലഭ്യമല്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ നരനായാട്ടിന്റെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്. തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി.

Related Articles

Latest Articles