ദില്ലി: രാജ്യവ്യാപക എസ്ഐആറിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സംസ്ഥാന സിഇഒമാർക്ക് നിർദേശം നൽകി.ഇന്ന് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ബീഹാർ മാതൃകയിലുള്ള എസ്ഐആറിനെ കേരളം നേരത്തെ എതിർത്തിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കർ നരേത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കിയിരുന്നു. നിയമസഭ പ്രമേയവും പാസ്സാക്കി. കേരളം അടക്കം ചില സംസ്ഥാനങ്ങൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് കമ്മീഷൻ ദില്ലിയിൽ നടന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചു. എങ്കിലും ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാർത്താകുറിപ്പിലില്ല. എല്ലായിടത്തും തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ നിർദ്ദേശം നല്കിയത്.
കേരളത്തിൻറെ എതിർപ്പ് കമ്മീഷൻറെ ഉദ്യോസ്ഥ സംഘം പരിശോധിക്കുന്നു എന്ന സൂചനയാണ് യോഗത്തിൽ നല്കിയത്. നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമാകും ഷെഡ്യൂൾ തയ്യാറാക്കുക എ്ന്നും കമ്മീഷൻ അറിയിച്ചു. എസ്ഐആർ എങ്ങനെ നടത്തണം എന്ന് യോഗത്തിൽ വിശദീകരിച്ചു. ഇതിൽ ഉദ്യോഗസ്ഥർക്കുള്ള സംശയങ്ങൾക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മറുപടി നല്കിയതായും കമ്മീഷൻ വ്യക്തമാക്കി.

