തിരുവനന്തപുരം : എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യുമറേഷന്‍ ഫോം വിതരണം 99.5 ശതമാനവും പൂർത്തിയാക്കിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ഡോ.രത്തൻ യു.ഖേൽഖർ. സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുടെ കണക്കുകൾ പ്രകാരം ഒരു ലക്ഷം പേർക്ക് ഇതുവരെ ഫോം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫോം പൂരിപ്പിക്കുന്ന കാര്യത്തിൽ ഭാഷ ഒരു തടസ്സമല്ലെന്ന് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. പ്രവാസി വോട്ടർമാർക്ക് വേണ്ടി നോർക്കയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇംഗ്ലീഷിൽ കൊടുത്ത ഫോമുകൾ പോലും പലയിടത്തും മറ്റ് ഭാഷകളിൽ പൂരിപ്പിച്ചു നൽകിയിട്ടുണ്ട്. മലയാളത്തിൽ എഴുതാൻ കഴിയാത്തവർക്ക്, കന്നഡ അറിയാമെന്ന് പറഞ്ഞപ്പോൾ, കന്നഡയിൽ തന്നെ ഫോം ഫിൽ ചെയ്ത് തിരിച്ചു നൽകിയിട്ടുണ്ട്. കൂടാതെ, കുമളി, ദേവികുളം മേഖലയിലെ വട്ടവട, കാന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തമിഴിൽ ഫിൽ ചെയ്ത ഫോമുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ ഭാഷ ഒരു പ്രശ്നമായി കാണുന്നില്ല. ഇലക്ഷൻ കമ്മിഷൻ്റെ ബോധവൽക്കരണ മെറ്റീരിയൽസ് അടക്കമുള്ളവ നോർക്കയ്ക്ക് അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു, അത് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് നോർക്കയുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞു. ഓവർസീസ് ഇലക്ടർമാർക്കായി ലഭ്യമായിട്ടുള്ള കോൾ സെന്ററുകൾ അടക്കമുള്ള എല്ലാ കാര്യങ്ങളും തയ്യാറാണ്. ഈ കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ട്.”- ഡോ.രത്തൻ യു.ഖേൽഖർ പറഞ്ഞു.

