അസ്താന : കസാഖിസ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 67 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂവുമടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്.അതേസമയം മരണസംഖ്യ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
BREAKING: Passenger plane crashes near Aktau Airport in Kazakhstan pic.twitter.com/M2DtYe6nZU
— BNO News (@BNONews) December 25, 2024
ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി കസാഖ് എമർജൻസി മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
വിമാനം ലാൻഡ് ചെയ്യുന്നതിന്റെയും കത്തിയമരുന്നതിന്റെയും വിദൂര വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

