ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇരുവരും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെയും ഇരു നേതാക്കളും എടുത്ത സെൽഫിയും വൈറലായിരുന്നു. ‘‘COP28ലെ നല്ല സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം അന്ന് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച, മോദിയും മെലോനിയും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ജി-7 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കി എന്നിവരുമായി മോദി ചർച്ച നടത്തിയിരുന്നു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നരേന്ദ്രമോദി വ്യക്തമാക്കി. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കായികം തുടങ്ങിയ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനും മോദി ആശംസ അറിയിച്ചു.
പ്രതിരോധം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന റോഡ്മാപ്പ് 2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് ഋഷി സുനകുമായി നടന്ന ചർച്ചയിൽ വിഷയമായത്. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് കൂടതൽ ശക്തിപ്പെടുത്തുമെന്ന് മോദി സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്നും ചർച്ചകളും നയതന്ത്രവും ഇതിനുള്ള ആയുധമാക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ജി7ൽ അംഗമല്ലാത്ത ഇന്ത്യയെ, ഉച്ചകോടിയിലേക്ക് ഇറ്റലി പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. ഇറ്റലി, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങൾ.

