കൊച്ചി: സിനിമ മേഖലയിലെ ആരും തന്നോട് ഇതുവരെയും മോശമായി പെരുമാറിയിട്ടില്ലെന്ന് നടി ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ജോമോളുടെ പ്രതികരണം. ഇതുവരെ ആരും വാതിലിൽ മുട്ടുകയോ അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജോമോൾ പറഞ്ഞു.
‘എന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ അത്തരം അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല’, ജോമോൾ പറഞ്ഞു.
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ച് ദിവസത്തെ മൗനം വെടിഞ്ഞ് ഇന്നാണ് താര സംഘടന അമ്മ പ്രതികരിച്ചത് . സംഘടന ഒളിച്ചോടിയിട്ടില്ലെന്നും പ്രതികരണം വൈകിയത് ഷോയുടെ തിരക്കുള്ളതിനാലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. അനാവശ്യ പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ നാണം കെടുത്തരുതെന്നും അമ്മയുടെ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞു.

