തിരുവനന്തപുരം: വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ). സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐ.പി.എല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ ഈ ടൂർണമെന്റിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എൽ അതിവേഗം വളരുകയാണ്. സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐ.പി.എല്ലിലെത്തിയ വിഘ്നേഷ് പുത്തൂർ ഇതിന് മികച്ചൊരു ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന സെഷനുകളിലെ മികച്ച പ്രകടനം പിന്നീട് വിഘ്നേഷിനെ മുംബൈയുടെ ഐ.പി.എൽ ടീമിലുമെത്തിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി താരം തിളങ്ങുകയും ചെയ്തു.
കെ.സി.എൽ പോലൊരു ലീഗ് ഇല്ലായിരുന്നെങ്കിൽ പ്രാദേശിക തലത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കരിയറായിരുന്നു പലരുടെയും. എന്നാൽ തങ്ങളുടെ പ്രതിഭ തെളിയിക്കാൻ വേദിയും അവസരവും ഒരുങ്ങിയത് യുവതാരങ്ങൾക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്. ക്ലബ്ബ്, ജില്ലാ തലങ്ങളിൽ തിളങ്ങി കെ.സി.എല്ലിലെത്തുന്ന താരങ്ങൾക്ക് ടാലന്റ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കാനായാൽ, അത് ഐ.പി.എല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയായി മാറുന്നു. കൂടുതൽ റൺസും വിക്കറ്റും നേടുന്നവർക്ക് പുറമെ ട്വന്റി-20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് എന്നിവയിൽ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താനും സ്കൗട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചുരുക്കത്തിൽ, നാടൻ മൈതാനങ്ങളിലെ കഴിവുകളെ വൻ ലോകത്തിലേക്ക് എത്തിക്കുന്ന ശക്തമായ ഒരു പാലമായി കെ.സി.എൽ മാറിക്കഴിഞ്ഞു.
കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐ.പി.എൽ വമ്പന്മാരുടെ ടാലന്റ് സ്കൗട്ടുകൾ കെ.സി.എൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും എത്തിയപ്പോൾ, ബെംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മൽകേഷ് ഗാന്ധിയുമാണ് സ്കൗട്ടിംഗിനായെത്തിയത്. ഇവർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് വിവിധ ഐ.പി.എൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിയെത്തി. കൂടാതെ പ്രമുഖ ഐ.പി.എൽ ടീമുകൾക്കൊപ്പം സഞ്ചരിക്കാനും നെറ്റ്‌സിൽ പന്തെറിയാനുമുള്ള അവസരവും പലർക്കും ലഭിച്ചു. ഏദൻ ആപ്പിൾ ടോം (ഗുജറാത്ത് ടൈറ്റൻസ്), ശ്രീഹരി നായർ (ലഖ്നൗ സൂപ്പർ ജയന്റ്സ്), പവൻ രാജ് (ചെന്നൈ സൂപ്പർ കിംഗ്സ്) എന്നിവർ നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു. ലോകോത്തര താരങ്ങൾക്കെതിരെ പന്തെറിയാനും പ്രമുഖ പരിശീലകരിൽ നിന്ന് ഉപദേശങ്ങൾ നേടാനും കഴിഞ്ഞത് ഇവരുടെ കളിമികവ് മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിലും താരങ്ങൾക്ക് വലിയ കരുത്താകും.
വരും വർഷങ്ങളിൽ കെ.സി.എൽ കൂടുതൽ കരുത്താർജ്ജിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ സ്കൗട്ടുകളും ഫ്രാഞ്ചൈസികളും ഇനിയുള്ള സീസണുകളിൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തും. ഇത് പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിനൊപ്പം കേരളത്തിന്റെ കായിക കുതിപ്പിന് പുതിയ ഊർജ്ജമേകുകയും ചെയ്യും.
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…