തിരുവനന്തപുരം : സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ ഒഴിവാക്കിയത്. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു ആദ്യപോസ്റ്റിൽ പറഞ്ഞിരുന്നത്.
കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.ഇതാണ് തരൂർ നീക്കം ചെയ്തിരിക്കുന്നത്. പകരമിട്ട പോസ്റ്റില്‍ സിപിഎം പരാമര്‍ശമേ ഇല്ലായിരുന്നു.
‘ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്’ ആദ്യമിട്ട പോസ്റ്റിന് പകരമായി തരൂര്‍ കുറിച്ചു.
ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിൽ ശരി തരൂരിന്‍റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.

