മീററ്റിലെ ഭൂനി ടോള്‍ പ്ലാസയില്‍ ടോള്‍ ജീവനക്കാര്‍ സൈനികനെ മര്‍ദ്ദിച്ച സംഭവത്തില്‍, ടോള്‍ ഏജന്‍സിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി. ടോള്‍ പിരിക്കുന്ന സ്ഥാപനത്തെ വിലക്കാനും ഭാവിയില്‍ ടോള്‍ പ്ലാസ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കരിമ്പട്ടികയില്‍ പെടുത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചു.
ഇക്കഴിഞ്ഞ 17-ന് ശ്രീനഗറിലെ ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കപിൽ കവാദ് എന്ന സൈനികൻ , ടോൾ ബൂത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് വേഗത്തിൽ കടത്തിവിടാൻ ആവശ്യപ്പെട്ടു. ഇത് ടോൾ ജീവനക്കാരുമായി വാക്കുതർക്കത്തിൽ കലാശിച്ചു. തുടർന്ന് ജീവനക്കാർ സംഘം ചേർന്ന് കപിലിനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രോഷം ഉയർന്നു.ഇന്ത്യൻ സൈന്യവും സംഭവത്തെ അപലപിച്ചു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് സൈന്യം അറിയിച്ചു.
വിഷയത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസ ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്‍എച്ച്എഐ അറിയിച്ചു.
സംഭവം അറിഞ്ഞതോടെ കപിലിന്റെ ഗ്രാമമായ ഗോത്കയിൽ നിന്നുള്ള നൂറുകണക്കിന് നാട്ടുകാർ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ടോൾ പ്ലാസ അടിച്ചുതകർക്കുകയും ടോൾ പിരിവ് തടസ്സപ്പെടുത്തുകയും ചെയ്തു.

