ലോകവനിതാദിനമായി ആചരിക്കുന്ന നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരപോരാട്ടം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി 30 സംഘടനാ ജില്ലാകേന്ദ്രങ്ങളിലും വനിതാ പ്രകടനങ്ങൾ നടത്തും. സംസ്ഥാന സർക്കാരിൻ്റെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചും ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പരിപാടികൾ സംഘടിപ്പിക്കുന്നത്.
അതേസമയം ആശാ പ്രവര്‍ത്തകര്‍ക്കു സംസ്ഥാനം ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക കേന്ദ്രം നല്കിയെന്നതു പുറത്തുവന്നതോടെസംസ്ഥാനസർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. കേന്ദ്രം കുടിശിക ഉള്‍പ്പെടെ നല്കാനുണ്ടെന്നും അതു കണക്കിലെടുക്കാതെ ജനുവരി വരെയുള്ള ഓണറേറിയം സംസ്ഥാനം നല്കിയെന്നും ആരോഗ്യമന്ത്രി മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം കണക്കു നിരത്തിയപ്പോള്‍ മന്ത്രിയുടെ വാദം പൊളിയുകയായിരുന്നു.
കുടിശിക സംബന്ധിച്ചു കേന്ദ്രത്തിനു നല്കിയ ഫയലില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ ഫയലുകളും തെറ്റുകൂടാതെ നല്കിയെന്നും ഫയല്‍ കിട്ടിയോ ഇല്ലയോ എന്ന മറുപടി പോലും ലഭിച്ചില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഫയലില്‍ തെറ്റുണ്ടെന്നും അതു കണക്കാക്കാതെയാണ് അധികത്തുക നല്കിയതെന്നും കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ മന്ത്രിയുടെ പ്രതിരോധം തകർന്നു. തുക നല്കിയെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പു വ്യാജമാണെന്നും ഇതു മനസിലാക്കാന്‍ അക്ഷരാഭ്യാസം മതിയെന്നുമായിരുന്നു കുറിപ്പ്.
എന്നാല്‍ ലോക്‌സഭയിലെ ചോദ്യോത്തരം ഇതോടെ പുറത്തുവന്നു. 2024-25ല്‍ സംസ്ഥാനത്തിനു നല്‌കേണ്ടത് 913.24 കോടിയായിരുന്നെങ്കിലും 938.80 കോടി നല്കിയെന്നും ഇതിനു പുറമേ ഫെബ്രുവരി 12ന് 120.45 കോടി കൂടുതലായി കൊടുത്തെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടെ മന്ത്രിക്ക് ഉത്തരം മുട്ടി.

