Saturday, December 13, 2025

സൗമ്യ വിശ്വനാഥൻ കൊലക്കേസ് ! നാല് പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് 5 ലക്ഷം പിഴയും 3 വർഷം തടവും വിധിച്ച് ദില്ലി സാകേത് കോടതി

ദില്ലി : മലയാളി മാദ്ധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ നാല് പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് 5 ലക്ഷം പിഴയും 3 വർഷം തടവും വിധിച്ച് ദില്ലി സാകേത് കോടതി. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണു ജീവപര്യന്തം ശിക്ഷ. അജയ് സേഥിയാണ് കേസിലെ അഞ്ചാം പ്രതി.സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ്.രവീന്ദര്‍ കുമാര്‍ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. പ്രതികൾക്കെതിരെ ആരോപിച്ചിരിക്കുന്ന കൊലപാതകം ഉള്‍പ്പെടെ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് (പിഎസ്ആര്‍) സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2008 സെപ്റ്റംബര്‍ 30-നാണ് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാദ്ധ്യമ പ്രവർത്തകയായി ജോലി ചെയ്തു വരികയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മരണമെന്നാണ് കരുതിയിരുന്നതെങ്കിലും മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി. എങ്കിലും ഒരു കൊല്ലത്തോളം ഒരു തുമ്പുമില്ലാതെ കേസ് നിശ്ചലാവസ്ഥയിലായിരുന്നു.

2009 മാര്‍ച്ചില്‍ ദില്ലിയിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ പിടിയിലാവുകയും ഇവരെ ചോദ്യംചെയ്തതോടെ സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയതും തങ്ങളാണെന്ന് ഇവർ സമ്മതിക്കുകയുമായിരുന്നു.

സംഭവദിവസം സൗമ്യയുടെ വാഹനത്തെ പിന്തുടര്‍ന്ന കാര്‍ ജിഗിഷ കൊലക്കേസില്‍ പിടിയിലായ പ്രതികളുടേതാണ് അന്വേഷണത്തില്‍ തെളിഞ്ഞു. ഓടുന്ന കാറില്‍നിന്നാണ് യുവതിക്ക് നേരേ പ്രതികള്‍ വെടിയുതിര്‍ത്തതെന്നും കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും കണ്ടെത്തി. ജിഗിഷ കൊലക്കേസില്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതും നിർണ്ണായകമായി.

2010-ല്‍ ദില്ലി പോലീസ് പ്രതികള്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 നവംബര്‍ 16-ന് സാകേത് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2016 ജൂലായ് 19-നാണ് വാദം പൂര്‍ത്തിയായത്.

ജിഗിഷ ഘോഷ് വധക്കേസിൽ രവി കപൂര്‍, മാലിക്, അമിത് ശുക്ല എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. കപൂറിനും ശുക്ലയ്ക്കും വിചാരണക്കോടതി ഈ കേസില്‍ വധശിക്ഷയും മാലിക്കിന് ജീവപര്യന്തവും 2017-ല്‍ വിധിച്ചു. എന്നാല്‍, തൊട്ടടുത്ത വർഷം കപൂറിന്റെയും ശുക്ലയുടെയും വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.

Related Articles

Latest Articles