കൊച്ചി : ഇന്ത്യൻ സൂപ്പർലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ നിയമിച്ചു. മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ പരിശീലകന്റെ നിയമനം. ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ് കരാറുണ്ടാക്കിയിരിക്കുന്നത്. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ ബൂട്ട് കെട്ടിയ കറ്റാല, സെൻട്രൽ ഡിഫൻഡറായാണു കളിച്ചിരുന്നത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത് വലിയ ആദരമാണെന്നു ഡേവിഡ് കറ്റാല പ്രതികരിച്ചു. ‘‘ഈ ക്ലബ്ബ് വിജയം അർഹിക്കുന്നുണ്ട്. നമുക്ക് ആ ലക്ഷ്യത്തിലേക്കെത്താൻ ഒരുമിച്ചു മുന്നോട്ടുപോകാം.’’– കറ്റാല വ്യക്തമാക്കി. ടീം ഇനി കളിക്കുന്ന സൂപ്പർ കപ്പിനു മുൻപ് കറ്റാല കൊച്ചിയിലെത്തി ടീമിനൊപ്പം ചേരും.

