Sunday, December 21, 2025

ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്ന് സ്പീക്കറുടെ പരാതി ! വന്ദേ ഭാരത് ടിക്കറ്റ് എക്സാമിനറെ ചുമതലയിൽ നിന്ന് നീക്കി ! സ്പീക്കറുടെ സുഹൃത്തിന്റെ അനധികൃത യാത്ര ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ടിടിഇ

തിരുവനനന്തപുരം : വന്ദേ ഭാരത് എക്‌സ്പ്രസിൽ അനധികൃത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറെ, ചുമതലയിൽ നിന്ന് നീക്കി. തന്റെ ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്ന സ്പീക്കർ എഎൻ ഷംസീറിൻ്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയിൽവെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം. സ്പീക്കർ എഎൻ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം . ഇയാൾ ചെയർ കാർ ടിക്കറ്റാണ് എടുത്തിരുന്നത്. എക്സിക്യുട്ടീവ് കോച്ചിലായിരുന്നു ഷംസീറിന്റെ യാത്ര. എന്നാൽ ചെയർ കാർ ടിക്കറ്റെടുത്ത ഗണേഷും ഷംസീറിനൊപ്പം എക്സിക്യുട്ടീവ് കോച്ചിൽ യാത്ര ചെയ്തു. ഇതോടെ തൃശ്ശൂരിലെത്തിയപ്പോൾ ഗണേഷിനോട് ചെയർ കാറിലേക്ക് മാറാൻ ടിടിഇ നിർദ്ദേശിച്ചു. എന്നാൽ ഗണേഷ് തയ്യാറായില്ലെന്നാണ് ടിടിഇ ആരോപിക്കുന്നത്. എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കാനും ഇയാൾ തയ്യാറായില്ല. കോട്ടയത്ത് എത്തിയപ്പോഴും ഗണേഷിനോട് കോച്ച് മാറാൻ ടിടിഇ ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടിടിഇയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ടിടിഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് എഎൻ ഷംസീറും തർക്കത്തിൽ ഇടപെട്ടതായി പറയപ്പെടുന്നു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ ഡിവിഷണൽ മാനേജർക്ക് സ്പീക്ക‍ർ പരാതി നൽകി. തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ സ്പീക്കർ ആരോപിച്ചത്. പിന്നാലെയാണ് പത്മകുമാറിനെ വന്ദേ ഭാരത് ചുമതലയിൽ നിന്ന് നീക്കിയത്.

സ്പീക്കറാണെന്ന് പറഞ്ഞിട്ടും പദവിയെ പോലും ബഹുമാനിക്കാൻ ടിടിഇ തയ്യാറായില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയത്. എന്നാൽ പത്മകുമാറിനെതിരെ നടപടി അംഗീകരിക്കില്ലെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് ആരോപിച്ച് എസ്ആർഎംയു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകി.

Related Articles

Latest Articles