മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ . ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മേഖലയാണ് മലയാള സിനിമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിര്‍ബന്ധിക്കുന്നത് സംവിധായകനും നിര്‍മാതാക്കളുമാണ്. സഹകരിക്കുന്നവരെ വിശേഷിപ്പിക്കാനായി രഹസ്യ കോഡുകൾ പോലുമുണ്ട്. കോപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റെന്നാണ്. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണമാണ് നടക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എതിര്‍ക്കുന്നവര്‍ സൈബര്‍ ആക്രമണമുള്‍പ്പടെയുള്ളവ നേരിടേണ്ടി വരും.
വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടി. സംവിധായകര്‍ക്കെതിരെയും മൊഴിയുണ്ട്.
പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം pic.twitter.com/cnRDJmmFrD
— Tatwamayi News (@TatwamayiNews) August 19, 2024
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വനിതകള്‍ക്ക് സുരക്ഷിതമായ താമസമടക്കമുള്ള സൗകര്യങ്ങള്‍ സിനിമാ നിര്‍മാതാവ് നല്‍കണം. ഷൂട്ടിംഗ് സെറ്റുകളില്‍ കുടുംബാംഗങ്ങളെയും കൊണ്ടു വരേണ്ട സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സിനിമാ മേഖലയിൽ നിന്ന് മുൻനിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനിൽ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങൾ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്പട്ടികയിൽപ്പെടുത്തി അവസരങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷൻ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സർക്കാർ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

