Sunday, December 14, 2025

കായികമന്ത്രിയുടെ വാദം പൊളിയുന്നു!!!. മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ വി.അബ്ദുറഹ്‌മാനും സംഘവും നടത്തിയ സ്‌പെയിന്‍ യാത്രയ്ക്കായി പൊടിച്ചത് 13 ലക്ഷം രൂപ!! വിവരാവകാശരേഖ പുറത്ത്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഒരു രൂപ പോലും സര്‍ക്കാരിന് ചെലവായിട്ടില്ലെന്ന കായികമന്ത്രി വി.അബ്ദുറഹ്‌മാന്റെ വാദം പൊളിയുന്നു. മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ കായികമന്ത്രിയും സംഘവും നടത്തിയ സ്‌പെയിന്‍ യാത്രയ്ക്കായി ഏകദേശം 13 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായതെന്ന് വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു യാത്ര.

കായികമന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക-യുവജനകാര്യ ഡയറക്ടറുമാണ് സ്‌പെയ്ന്‍ സന്ദര്‍ശിച്ചിരുന്നത്. 2024 സെപ്റ്റംബറിലെ ഈ യാത്രയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. എന്നാൽ മെസ്സിയെയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രധാന ഭാരവാഹികളേയാ മന്ത്രിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. 2025-ൽ മെസ്സിയെയും അർജന്റീനിയൻ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത് കഴിഞ്ഞ കൊല്ലമാണ് . കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ഏകദേശം 100 കോടിയോളം രൂപ ചെലവിടേണ്ടിവരുമെന്നും വിലയിരുത്തി. പിന്നാലെ അർജന്റീനയും മെസ്സിയും ഒക്‌ടോബർ 25-ന് കേരളത്തിൽ എത്തുമെന്ന് 2024 നവംബറിൽ മന്ത്രി പ്രഖ്യാപിച്ചു. ഡിസംബറിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോൺസർമാരാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.

എന്നാൽ പലതവണ പ്രതിഫലം അടയ്ക്കാനുള്ള അവസരം നൽകിയെങ്കിലും സ്‌പോൺസർമാർ തുക അടച്ചിരുന്നില്ല. തുടർന്ന് കരാർലംഘനം ചൂണ്ടിക്കാട്ടി രണ്ടുതവണ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സർക്കാർ നോട്ടീസും നൽകി. ഇതോടെയാണ് അർജന്റീനിയൻ ടീമിന്റെ അക്കൗണ്ടിലേക്ക്‌ സ്‌പോൺസർ തുക അടച്ചത്. എന്നാൽ അപ്പോഴേക്കും അർജന്റീന തങ്ങളുടെ സൗഹൃദ മത്സരം ചൈനയിലും ഖത്തറിലും അങ്കോളയിലുമാണെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും അർജന്റീന ഉറപ്പായും കേരളത്തിൽ എത്തുമെന്നാണ് സ്‌പോൺസർമാർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു.

Related Articles

Latest Articles