ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടനകാലത്ത് ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് മാത്രമേ അനുവദിക്കുകയുള്ളുവെന്ന തീരുമാനത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ച് സർക്കാർ. ശബരിമലയിൽ പ്രതിദിനം വെർച്വൽ ബുക്കിംഗ് 70,000 പേർക്ക് മാത്രമാക്കി അനുവദിച്ച് ബാക്കി വരുന്നവരെ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനമെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്.
ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

