കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയായ യുവതി വെട്ടേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മണർകാട് സ്വദേശിനിയായ 26കാരിയാണ് മരിച്ചത്. രക്തം വാർന്ന് വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ പ്രതിയായ യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് മൊഴി നൽകി.
സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല യുവതിയുടെ പിതാവും സഹോദരനും ജോലിക്കും മക്കൾ കളിക്കാനും പോയിരുന്നു. ഇവർ തിരികെയെത്തിയപ്പോഴാണ് യുവതിയെ രക്തം വാർന്ന നിലയിൽ കണ്ടത്. യുവതി നൽകിയ പരാതിയിലാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ അറസ്‌റ്റ് ചെയ്‌തത്. മെസഞ്ചർ, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിടയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു തങ്ങളുടെ പങ്കാളികളെ സംഘാംഗങ്ങൾ പരസ്പരം കൈമാറിയിരുന്നത്.
ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. 2022 ജനുവരിയിലാണ് മാസത്തിലാണ് യുവതിയുടെ ഭർത്താവടക്കമുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

