Sunday, December 21, 2025

യദുകുല നായകനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജയന്തിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേരളമൊട്ടുക്കും പതാകകൾ ഉയർന്നു; വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ ഗ്രാമങ്ങളെ ഗോകുലമാക്കാൻ ബാലഗോകുലം

തിരുവനന്തപുരം: ഭഗവാൻ ശ്രീകൃഷ്ണന്റെ ജയന്തിയാഘോഷങ്ങൾക്ക് പതാകാ ദിനത്തോടെ തുടക്കം കുറിച്ച് കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ബാലഗോകുലം. ഇന്ന് കേരളമൊട്ടുക്കും അരുണവർണ്ണ പതാകകൾ ഉയർന്നു. ഗ്രാമങ്ങളെ ഗോകുലങ്ങളാക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കാകും ഇനി കേരളം സാക്ഷ്യംവഹിക്കുക. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ അടയാളവാക്യം. കേരളമൊട്ടുക്കും ബാലദിനമായിട്ടാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

ശ്രീകൃഷ്‌ണ കലാസന്ധ്യ, ഗോപൂജ, നദീ പൂജ, സാംസ്കാരിക പരീക്ഷ, ഉറിയടി, സാംസ്‌കാരിക സമ്മേളനങ്ങൾ, ശോഭായാത്ര എന്നിവയാണ് ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിക്കുക. ചിങ്ങം 10, 2024 ആഗസ്റ്റ് 26 നാണ് ശ്രീകൃഷ്‌ണ ജയന്തി. ഗ്രാമ നഗര വിത്യാസമില്ലാതെ അന്ന് കേരളത്തിൽ നയനമനോഹരമായ ശോഭായാത്രകൾ നടക്കും. ആയിരക്കണക്കിന് ബാലികാ ബാലന്മാർ കൃഷ്ണന്മാരായും രാധമാരായും തെരുവീഥികൾ കീഴടക്കും. ചെറു ശോഭായാത്രകൾ പ്രധാന സ്ഥലങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രകൾ നൂറുകണക്കിന് കേന്ദ്രങ്ങളിൽ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശോഭായാത്രകൾ പരമാവധി ലളിതമായി നടത്താനാണ് ബാലഗോകുലത്തിന്റെ തീരുമാനം.

Related Articles

Latest Articles