സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ് എന്നത് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുകയാണ്.
പ്രേക്ഷകർക്ക് മുമ്പിൽ അഭിമുഖങ്ങളിലൂടെയും മറ്റും സ്ഥിരസാന്നിധ്യമായി ധ്യാൻ മാറിയതോടെ ശ്രീനിവാസനെന്ന അച്ഛൻ മക്കൾക്ക് നൽകിയ സ്വാതന്ത്ര്യവും സ്‌നേഹവും ചർച്ചയായി മാറിയിരുന്നു. അച്ഛനെക്കുറിച്ചുള്ള പഴയ കഥകളും ജീവിതത്തിലെയും സിനിമയിലെയും അമളികളും തമാശകളും ധ്യാൻ ഓർത്തെടുത്തിരുന്നതെല്ലാം പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. അസുഖബാധിതനായി അവശനായിരുന്നുവെങ്കിലും ധ്യാൻ പറഞ്ഞ കഥകളെക്കുറിച്ച് ചോദിച്ചാൽ അതിന് കുറിക്ക് കൊള്ളുന്ന മറുപടി ശ്രീനിവാസൻ നൽകുമായിരുന്നു. അച്ഛനും മകനും മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കുറച്ച് വർഷങ്ങളായിരുന്നു കടന്നു പോയത്.

