തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും സ്മാർട്ട് ഗ്ലാസ് അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗവും കർശനമായി നിരോധിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് സ്മാർട്ട് ഗ്ലാസ് ധരിച്ചെത്തി ക്ഷേത്രത്തിൽ കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണിത്. സ്മാർട്ട് ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയും നൽകിയിട്ടുണ്ട്.
ഇതുവഴി ഫോട്ടോകൾ പകർത്താനും സാധിക്കും. എ ഐ സംവിധാനത്തിന് പുറമെ വിരലനക്കം കൊണ്ട് കണ്ണട നിയന്ത്രിക്കാൻ അനുവനദിക്കുന്ന ന്യൂറൽ ബാൻഡുകളും മെറ്റ ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.

