ശ്രീകാകുളം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ട് സ്ത്രീകളും ഒരു ബാലനും ഉൾപ്പെടെ ഒമ്പത് ഭക്തർ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ദുരന്തത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അതേസമയം ക്ഷേത്ര അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകളാണ് ഏകാദശി ദിനത്തിൽ നടന്ന ദുരന്തത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ക്ഷേത്രം രജിസ്റ്റർ ചെയ്യാത്ത സ്വകാര്യ സ്ഥാപനമാണെന്നും പരിപാടിക്ക് മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും ഔദ്യോഗിക മേൽനോട്ടമില്ലാത്തതുമായ ക്ഷേത്രത്തിൽ 2,000 മുതൽ 3,000 വരെ ആളുകളെ ഉൾക്കൊള്ളാൻ മാത്രമാണ് ശേഷിയുണ്ടായിരുന്നത്. എന്നാൽ, കാർത്തിക മാസത്തിലെ ഏകാദശി പ്രമാണിച്ച് ഏകദേശം 25,000-ത്തോളം ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടി. ഇതാണ് തിക്കിലും തിരക്കിലും പെടാൻ പ്രധാന കാരണമായത്.
ക്ഷേത്രത്തിന്റെ ഉൾക്കൊള്ളാനുള്ള ശേഷിയെക്കാൾ ഏറെ പേർ ഒരുമിച്ചെത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു കവാടം മാത്രമാണുണ്ടായിരുന്നത്. ഇത് തിരക്ക് രൂക്ഷമാക്കി.
ഇതിനിടെ ഏകദേശം ഏഴ് അടി ഉയരത്തിലുള്ള പടിക്കെട്ടിന്റെ ഇരുമ്പ് കൈവരി തകർന്നതോടെ ഭക്തർ കൂട്ടത്തോടെ താഴേക്ക് വീഴുകയും പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടുകയും ചെയ്തു. ഇതോടെ ആളുകൾ പരസ്പരം ചവിട്ടിയും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചത്.
“ഇതൊരു സ്വകാര്യ വ്യക്തി തൻ്റെ ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണ്. അവർ യാതൊരു അനുമതിയും വാങ്ങിയിട്ടില്ല, പരിപാടിയെക്കുറിച്ച് പ്രാദേശിക പോലീസിനെ അറിയിച്ചിട്ടുമില്ല. വേണ്ടത്ര മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പോലീസിന് ഒരുക്കാൻ സാധിച്ചില്ല.”- ശ്രീകാകുളം എസ്.പി. കെ.വി. മഹേശ്വര റെഡ്ഡി പറഞ്ഞു
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആന്ധ്രാപ്രദേശ് സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (PMNRF) മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
നിയമപരമായ അനുമതിയില്ലാതെ പരിപാടി നടത്തിയതിന് ക്ഷേത്ര മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദുരന്തത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.

