തിരുവനന്തപുരം: ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി.ജയരാജന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണ് എന്ന് ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
സൈബര്‍ ഇടങ്ങളില്‍ പോരാളി ഷാജി എന്ന പേരില്‍ നിരവധി പേജുകളുണ്ട്. അതില്‍ ഏതാണ് ഇടത് അനുഭാവമുള്ളതെന്നും ഏതാണ് യു.ഡി.എഫ് പണം കൊടുത്ത് നിലനിര്‍ത്തുന്നതെന്ന് പറയണമെന്നും ആവശ്യപ്പെട്ട് എം.വി.ജയരാജൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഫേസ്ബുക്കിന്റെ പൂർണരൂപം ഇങ്ങനെ:
”പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണ്.
പതിനഞ്ചു വർഷത്തിലധികമായി സി.പി.എം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്റെ പോസ്റ്റുകളാണ്. എ.കെ.ജി സെന്ററിൽ പ്രവർത്തിച്ചിരുന്ന സി.പി.എം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്.
പോരാളി ഷാജി ആരെന്ന് എം.വി ഗോവിന്ദനും എം.വി.ജയരാജനും അറിയില്ലെങ്കിൽ പി.ജയരാജനോട് ചോദിച്ചാൽ മതി. അദ്ദേഹം പറയുന്നില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം” എന്നാണ് ചെറിയാൻ ഫിലിപ്പ് കുറിച്ചത്.

