Tuesday, December 16, 2025

കുംഭമേളയ്‌ക്കിടെ തിക്കും തിരക്കും ? നിരവധി പേർക്ക് പരിക്കേറ്റതായി സൂചന ! നിർണ്ണായക ഇടപെടലുമായി പ്രധാനമന്ത്രി

പ്രയാഗരാജ്: കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. മൗനി അമാവാസിയോടനുബന്ധിച്ച് കോടിക്കണക്കിന് ജനങ്ങളാണ് പ്രയാഗ്‌രാജിലേയ്ക്ക് ഒഴുകുന്നത്. ബാരിക്കേഡ് തകർന്നതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 8 മുതൽ 10 കോടിവരെ ജനങ്ങളാണ് പ്രയാഗ്‌രാജിലേയ്ക്ക് ഈ വിശേഷ ദിവസത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേള ഒരുക്കങ്ങൾ നേരിട്ട് നിരീക്ഷിക്കുകയാണ്. നാലുതവണ പ്രധാനമന്ത്രി തന്നെ വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ പത്തുപേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ചടങ്ങുകൾ പുനരാരംഭിച്ചു. പ്രയാഗ്‌രാജിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ നിർത്തിവച്ചിരുന്നു. ത്രിവേണി സംഗമത്തിലേയ്ക്ക് എത്താൻ ശ്രമിക്കാതെ അടുത്തുള്ള സ്‌നാന ഘട്ടങ്ങളിൽ പുണ്യസ്‌നാനം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തരോട് അഭ്യർത്ഥിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളോട് സഹകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പെട്ടെന്ന് അനുഭവപ്പെട്ട തിരക്കിൽ പരിക്കേറ്റവർ പെട്ടുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കാനും ചടങ്ങുകൾ പുനരാരംഭിക്കാനും കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles