Tuesday, December 16, 2025

ഭരണസമിതിയിലെ വനിതകളുടെ തെരഞ്ഞെടുപ്പിൽ ഇടഞ്ഞ് താരങ്ങൾ!അമ്മയിൽ തർക്കവും പ്രതിഷേധവും ; ബൈലോയിൽ തെന്നി വീണ് പിഷാരടിയും റോണിയും

താര സംഘടന അമ്മയുടെ ജനറൽ ബോഡി യോഗം ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു ,3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്നലെ നടന്നത് . എന്നാൽ തെരഞ്ഞെടുപ്പിനൊടുവിൽ ബൈലോയെച്ചൊല്ലി ബഹളവും പ്രതിഷേധവും ഉണ്ടതായി റിപ്പോർട്ട്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പമാണ് താരങ്ങളുടെ ചേരിതിരിഞ്ഞുള്ള പ്രശ്നത്തിന് കാരണമായത് . അവസാനം ബൈലോ ചതിച്ചപ്പോൾ രമേഷ് പിഷാരടിക്കും ഡോ. റോണിക്കും പരാജയം.

നാല് വനിതകൾ ഭരണസമിതിയിൽ വേണമെന്നാണ് ബൈലോയിലെ നിബന്ധന. ആകെ അഞ്ച് വനിതകളാണ് ഇത്തവണ മത്സരിച്ചത്. ഇവരിൽ രണ്ട് പേർ തോറ്റു. അതോടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച മൂന്നുപേരും തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു ജനറൽബോഡിയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും. പക്ഷേ, വരണാധികാരിയായ അഡ്വ. കെ. മനോജ് ചന്ദ്രൻ, അനന്യയും ഏഴ് നടന്മാരും ഉൾപ്പെടെ കൂടുതൽ വോട്ട് നേടിയ എട്ടുപേരുടെ പേര് പ്രഖ്യാപിച്ചശേഷം ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് വനിതകളെ കോ ഓപ്റ്റ് ചെയ്യും എന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ബാബുരാജ്, അനൂപ് ചന്ദ്രൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, ജയൻ ചേർത്തല തുടങ്ങിയവർ എതിർപ്പുയർത്തി. ഉഷ, പ്രിയങ്ക, സരയൂ, കുക്കു പരമേശ്വരൻ തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തുവന്നതോടെ ആകെ ബഹളമയമായി .
സ്ത്രീകൾ ഒറ്റക്കെട്ടായാണ് ശബ്ദമുയർത്തിയത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മജിസ്‌ട്രേട്ട് വേഷത്തിലൂടെ ശ്രദ്ധേയനായ നടനും മുൻ പഞ്ചായത്തംഗവുമായ പി.പി. കുഞ്ഞികൃഷ്ണൻ ബൈലോയെ വ്യാഖ്യാനിച്ച് മുന്നോട്ടുവരുകയും പ്രസിഡന്റ് മോഹൻലാലിനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.

എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അൻസിബ എന്നിവരെ തെരഞ്ഞെടുക്കണമെന്നും ബാക്കി ഒരാളെ കോ ഓപ്റ്റ് ചെയ്യാമെന്നുമായിരുന്നു ഇവരുടെയെല്ലാം നിർദേശം. പക്ഷേ, വരണാധികാരി ബൈലോയിൽ ഉറച്ചുനിന്നു. രണ്ടുപേരും വോട്ട് നിലയിൽ പിന്നിലാണെന്ന ന്യായമാണ് ഇദ്ദേഹം ഉന്നയിച്ചത്. ഇതോടെ പുതിയ ജനറൽ സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് ജഗദീഷും അനുനയനീക്കങ്ങളുമായി മൈക്കെടുത്തു. രണ്ടുപേരെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യാൻ ജനറൽബോഡി തീരുമാനിച്ചാൽ മതിയെന്നും ബാക്കിയുള്ള ഒരാളെ നിർദേശിക്കാമെന്നുമാണ് ഇവർ പറഞ്ഞത്.

അതോടെ സരയൂവിന്റെയും അൻസിബയുടെയും പേരുകൾ കൈയടിച്ച് യോഗം പാസാക്കി. ബാക്കിയുള്ള ഒരു സ്ഥാനത്തേക്ക്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ കുക്കു പരമേശ്വരന്റെ പേര് ഉഷ നിർദേശിച്ചു. അതോടെ ഒരാളെയെന്നത് മാറ്റി എത്രപേരെ വേണമെങ്കിലും നിർദേശിക്കാമെന്നും ഭരണസമിതി ചേർന്ന് ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്നുമായി സിദ്ദിഖ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ മഞ്ജു പിള്ളയുടെ പേരും ഉയർന്നുവന്നു. ഷീലു എബ്രഹാമിന്റെ പേരാണ് കുക്കു പരമേശ്വരൻ നിർദേശിച്ചത്. ഒടുവിൽ നിർദേശിക്കപ്പെട്ട പേരുകളിൽ നിന്ന് ഭരണസമിതി ചേർന്ന് കോ ഓപ്റ്റ് ചെയ്യേണ്ട ആളെ കണ്ടെത്തുമെന്ന തീരുമാനം വന്നതോടെ വരണാധികാരി മൂന്ന് വനിതകളുടെ ഉൾപ്പെടെ പത്തുപേരുകൾ പ്രഖ്യാപിച്ചു.പന്ത്രണ്ടുപേരാണ് പതിനൊന്നംഗ എക്‌സിക്യുട്ടീവിലേക്ക് മത്സരിച്ചത്. മൂന്നു വനിതകളും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രമേഷ് പിഷാരടിയും ഡോ. റോണിയും കമ്മിറ്റിയിൽനിന്ന് പുറത്തായത്

Related Articles

Latest Articles