Sunday, December 21, 2025

ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് ! സിഐടിയുവിൽ ഭിന്നത രൂക്ഷമാകുന്നു !എതിർപ്പുമായി സംസ്ഥാന ഘടകം ; പെർമിറ്റ് അനുവദിച്ചത് ഏര്യാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരം

തിരുവനന്തപുരം : ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻെറ മാടായി ഏര്യാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിക്കാൻ സംസ്ഥാന ഗതാഗത അതോററ്റി നേരത്തെ തീരുമാനമെടുത്തിരുന്നത്.

എന്നാൽ തീരുമാനം പിൻവലിക്കണമെന്ന നിലപാടിലാണ് സിഐടിയു സംസ്ഥാന നേതൃത്വം. അപകട നിരക്ക് കൂട്ടുമെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് തള്ളിയാണ് അതോററ്റി തീരുമാനമെടുത്തതെന്നും സിഐടിയു സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വ്യാപക പെർമിറ്റ് അപകടങ്ങൾ കൂട്ടുന്നതിനും സംഘർഷത്തിനും കാരണമാകുമെന്ന് സിഐടിയു സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി.

നേരത്തെ ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവ്വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്.എന്നാൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു മാടായി ഏര്യാകമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന വ്യാപക പെർമിറ്റ് നൽകാൻ അതോററ്റി യോഗം തീരുമാനിച്ചത്.

സംസ്ഥാന വ്യാപക സർവ്വീസ് നടത്താൻ ഡിസൈൻ ചെയ്തിട്ടുള്ള വാഹനം അല്ല ഓട്ടോറിക്ഷ, സീറ്റ് ബെൽറ്റ് ഉൾപ്പെടെ സുരക്ഷ സംവിധാനവുമില്ല, അതിവേഗ പാതകളിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ഓട്ടോറിക്ഷയിറങ്ങുന്നത് അപകടം കൂട്ടുമെന്നുമായിരുന്നു മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇതെല്ലാം തള്ളിയാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനം എടുത്തത്

Related Articles

Latest Articles