ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ് ജോസഫ് ഡിറ്റൂരി കടലിന്റെ അടിത്തട്ടിൽ താമസിച്ചത്. വെള്ളത്തിനടിയിൽ സമ്മർദമുള്ള അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ മനുഷ്യ ശരീരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കുക എന്നതായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. അതോടൊപ്പം ഏറ്റവും കൂടുതൽ ദിവസം വെള്ളത്തിനടിൽ താമസിച്ചു എന്ന റെക്കോർഡും ജോസഫ് ഡിറ്റൂരി സ്വന്തമാക്കിയിരിക്കുകയാണ്.
അതേസമയം, കൃത്യം 93 ദിവസങ്ങൾക്ക് ശേഷം കോംപാക്റ്റ് പോഡിൽ നിന്ന് ജോസഫ് ഡിറ്റൂരിയെ പുറത്തിറക്കിയപ്പോൾ ഞെട്ടിക്കുന്ന മാറ്റമാണ് അദ്ദേഹത്തിൽ ശാസ്ത്രജ്ഞർക്ക് കാണാൻ കഴിഞ്ഞത്. കടലിനടിത്തട്ടിൽ താമസിച്ചതിന് ശേഷം ജോസഫ് ഡിറ്റൂരിക്ക് 10 വയസ് കുറഞ്ഞുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വിവിധ പഠനങ്ങൾക്ക് ശേഷമാണ് ശാസ്ത്രജ്ഞർ ഇക്കാര്യം ഉറപ്പിച്ചു പറയുന്നത്.
ടെലോമിയറുകൾ, ക്രോമസോമുകളുടെ അറ്റത്തുള്ള ഡിഎൻഎ ക്യാപ്‌സ് എന്നിവ സാധാരണയായി പ്രായത്തിനനുസരിച്ച് ചുരുങ്ങുന്നു. എന്നാൽ, കടലിനടിയിൽ താമസിച്ചതോടെ ടെലോമിയറുകളുടെയും ക്രോമസോമുകളുടെ അറ്റത്തുള്ള ഡിഎൻഎ ക്യാപ്‌സിന്റെയും നീളം മൂന്ന് മാസം മുമ്പുള്ളതിനേക്കാൾ 20 ശതമാനം കൂടിയതായാണ് ശാസ്ത്രജ്ഞർ ജോസഫ് ഡിറ്റൂരിയിൽ കണ്ടെത്തിയത്. മാത്രമല്ല, അദ്ദേഹത്തിന്റെ മൂലകോശങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഡിറ്റൂരിക്ക് മെച്ചപ്പെട്ട ഉറക്കം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കൊളസ്‌ട്രോൾ അളവ് 72 പോയിൻ്റ് കുറഞ്ഞുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. വെള്ളത്തിനടിയിലെ മർദം മൂലമാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നും ഇത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു.

