പുനെ: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു. വിജയപുര – റായ്ച്ചൂർ പാസഞ്ചർ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ എറിഞ്ഞ കല്ല് കുട്ടിയുടെ തലയിലാണ് കൊണ്ടതെന്ന് പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ സോളാപൂരിനടുത്തുള്ള ഹോട്ഗി ഗ്രാമത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ഹൊസ്നാൽ താലൂക്കിലെ തന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി.ഉടൻ തന്നെ കുട്ടിയെ സോളാപൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ വർഷം ജനുവരി ആദ്യ വാരത്തിൽ, മുംബൈ – സോളാപൂർ വന്ദേഭാരത് എക്സ്പ്രസിന് നേരെയും സോളാപൂരിൽ സമാനമായ കല്ലേറുണ്ടായിരുന്നു.

