Tuesday, December 16, 2025

എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക ! മലപ്പുറം എസ്‌പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി വി അൻവർ എംഎൽഎ

മലപ്പുറം എസ്പി എസ് ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പിവി അൻവർ എംഎൽഎ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പി വി അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്.

പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ സർക്കാർ നടപടിയെടുക്കണം. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലസ് സന്ദേശം പ്രക്ഷേപണം ചെയ്‌ത ഒരു ചാനൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത് ജയിലിൽ അടയ്‌ക്കുക തുടങ്ങിയ ആരോപണങ്ങൾ എഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അൻവറിന്റെ കുത്തിയിരുപ്പ് പ്രതിഷേധം.

അതേസമയം, ഇതിന് മുമ്പ് പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ വച്ച് എസ് ശശിധരനെ പി വി അൻവർ പരസ്യമായി അധിക്ഷേപിച്ചിരുന്നു. തുടർന്ന് എസ്പി പ്രസംഗിക്കാതെ വേദി വിടുകയും ചെയ്തിരുന്നു. എസ്പിയെ ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതുമാണ് അൻവറിനെ അന്ന് ചൊടിപ്പിച്ചത്.

Related Articles

Latest Articles