ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിലാണ് നിർണായക നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ തെരുവ് നായകളുടെ കടിയേൽക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, അടിയന്തര നടപടിയെടുത്ത് നായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിർദ്ദേശം നൽകിയത്.
വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായകളെ അതേ സ്ഥലത്ത് തിരികെ വിടരുതെന്നും ഇവയെ നിശ്ചിത ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു. ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും നിന്ന് കന്നുകാലികളെയും മറ്റ് തെരുവ് മൃഗങ്ങളെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും(NHAI) നീക്കം ചെയ്ത് ഷെൽട്ടറുകളിലേക്ക് മാറ്റണം. ഇതിന്റെയും ചുമതല ചീഫ് സെക്രട്ടറിയ്ക്ക് ആണെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.
വീഴ്ച സംഭവിച്ചാൽ ഉത്തരവാദികളാകുക ഉദ്യോഗസ്ഥരായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് രണ്ടുമാസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരുവ് നായകളുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന്, ജൂലൈ 28-ന് സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. വന്ധ്യംകരണ ഡ്രൈവുകൾ, വാക്സിനേഷൻ പരിപാടികൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ എബിസി( അനിമൽ ബർത്ത് കൺട്രോൾ) നിയമങ്ങൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

