Sunday, December 14, 2025

സിപിഎമ്മിന് സഹകരണ മേഖല പണം തട്ടാനുള്ള കറവപ്പശു; കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സഹകരണ വകുപ്പിന്; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻ

കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സഹകരണ വകുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉന്നത രാഷ്ടീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. പണം തട്ടിക്കാനുള്ള കറവപ്പശുവായിട്ടാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സഹകരണ മേഖലയെ കാണുന്നത്. സഹകരണ മേഖലയില്‍ കര്‍ശന നിയമങ്ങളൊക്കെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ തുടങ്ങുമ്പോഴൊക്കെ അതിനെതിരെ സി.പി.എമ്മും അവരുടെ നേതൃത്വത്തിലുള്ള സംസഥാന സര്‍ക്കാരും ബഹളവുമായി രംഗത്തുവരുന്നത് ഈ തട്ടിപ്പുകള്‍ നിര്‍ബാധം നടക്കാനും ഇതൊന്നും പുറത്തുവരാതിരിക്കാനുമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. അദ്ദേഹത്തിന്റെ നിക്ഷേപത്തുക പലിശയുള്‍പ്പെടെതിരിച്ചുനല്‍കണം.ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സഹകരണ തട്ടിപ്പുകള്‍ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഒത്താശയോടെയാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്. സഹകരണ തട്ടിപ്പുകള്‍ക്കെതിരെ ബി.ജെ.പി ശക്തമായി ക്യാമ്പയിൻ നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കട്ടപ്പന സ്വദേശി സാബുവിനെ ബാങ്കിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ തന്റെ നിക്ഷേപത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ ചോദിച്ച് ബാങ്കിലെത്തിയിരുന്നു. അപ്പോൾ സെക്രട്ടറിയും രണ്ട് ജീവനക്കാരും ചേർന്ന് അപമാനിക്കുകയും പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. എന്നാൽ സാബുവിന്റെ ആത്മഹത്യ കുറിപ്പിലെ ഒപ്പ് വ്യാജമാണെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ സാബു 35 ലക്ഷം രൂപ നൽകിയിരുന്നു.

Related Articles

Latest Articles